കൊച്ചി: പ്രസവം നടക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാതൃ ശിശു സൗഹൃദ ആശുപത്രി സംരംഭങ്ങൾക്കുള്ള (എംബിഎഫ്എച്ച്ഐ) അംഗീകാരം സ്വന്തമാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വീണാ ജോർജാണ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് വിഭാഗം മേധാവി ജയേഷ് വി നായരും പീഡിയാട്രിക് കോഓർഡിനേറ്റർ എം.എസ് സനീഷും ചേർന്നായിരുന്നു അവാർഡ് ഏറ്റുവാങ്ങിയത്.
അമ്മക്കും കുഞ്ഞിനും ഗുണനിലവാരം ഉറപ്പുവരുത്തി സൗഹാർദ്ദ പരമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ദേശീയ ആരോഗ്യ മിഷനുമായി ചേർന്ന് സംസ്ഥാന സർക്കാർ എംബിഎഫ്എച്ച്ഐ അക്രിഡിറ്റേഷൻ ഏർപ്പെടുത്തിയത്. സർക്കാരിനും ദേശീയ ആരോഗ്യ മിഷനും പുറമേ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, നാഷണൽ നിയോനെറ്റോളജി ഫോറം സംഘടനകളും ചേർന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് അംഗീകാരം ലഭിച്ചത്. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും 10 മാനദണ്ഡങ്ങൾ ഉൾപ്പെടെ 130 ചെക്ക് പോയിന്റുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. ഉയർന്ന പോയിന്റ് സ്വന്തമാക്കിയായിരുന്നു നേട്ടം കരസ്ഥമാക്കിയത്.
മാതൃ ശിശു സൗഹൃദമാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബ്രസ്റ്റ് ഫീഡിംഗ് പോളിസി തയ്യാറാക്കിയായിരുന്നു ആസ്റ്റർ മെഡ്സിറ്റിയുടെ പ്രവർത്തനങ്ങൾ. മുലയൂട്ടലുമായി ബന്ധപ്പെട്ട് മുഴുവൻ സമയ കൗൺസിലറുടെ സേവനം ഉറപ്പു വരുത്തി. എല്ലാ ഗർഭിണികൾക്കും ഗർഭകാലത്തും കുഞ്ഞ് ജനിച്ച ശേഷവും മുലയൂട്ടലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇവർ മറുപടി നൽകും. മുലയൂട്ടുന്ന അമ്മമാർക്ക് സഹായകമായി ആസ്റ്റർ ബ്രെസ്റ്റ് ഫീഡിംഗ് സപ്പോർട്ട് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. മുലയൂട്ടലുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അവസരമാണിത്.
ജീവനക്കാർക്കും മുലയൂട്ടലുമായി ബന്ധപ്പെട്ട് പതിവായി ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്. ഇതിന് പുറമേ നിയോനാറ്റോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ, പ്രസവ ചികിത്സ വിദഗ്ധർ, മറ്റ് വിദഗ്ധർ, സ്റ്റാഫ് നഴ്‌സുമാർ തുടങ്ങിയവരുടെ സേവനങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.