‘ആദ്യ പഥികരുടെ മാതൃക സ്വീകരിക്കൂ’; എൻഎസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കൊപ്പം ചേരരുതെന്ന് എംവി ജയരാജൻ
കണ്ണൂർ: എൻഎസ്എസിന് അവരുടെ പാരമ്പര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെ സമരം നടത്തിയ, പ്രാർത്ഥനാ സ്വാതന്ത്ര്യത്തിനായി സമരം നടത്തിയവരുടെ ജാഥയിൽ അണിനിരന്ന, ജാതിവിവേചനത്തിനെതിരെ രംഗത്ത് വന്ന പാരമ്പര്യമാണ് എൻഎസ്എസിന്റെ ആദ്യ പഥികരുടേത്. ആ പാരമ്പര്യത്തിൽ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുവർക്കൊപ്പം കൂടരുത്. അവർക്കൊപ്പം ചേരുന്നത് എൻഎസ്എസിന്റെ സ്ഥാപക നേതാക്കളുടെ നിലപാടിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചു.
മിത്ത് വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ് ഒരുങ്ങുന്നതിന് പിന്നാലെയാണ് എംവി ജയരാജന്റെ വിമർശനം. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേർന്നാണ് എൻഎസ്എസ് തുടർ സമരങ്ങൾക്ക് രൂപം നൽകുക. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ നിലപാടിൽ നിന്നും പിന്നോട്ട് പോയെങ്കിലും എ എന്‍ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യമാണ് എൻഎസ്എസിന്. തുടർസമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും.