‘നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കണം’; മിത്ത് വിവാദത്തില്‍ സ്പീക്കറെ ഗോവിന്ദന്‍ തിരുത്തണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സ്പീക്കറെ തിരുത്താന്‍ സിപിഐഎം സെക്രട്ടറി എം വി ഗോവിന്ദന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി. എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ പിന്‍വലിക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.

ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കര്‍ സിപിഎം സെക്രട്ടറി ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തതെന്ന് സുധാകരന്‍ പറഞ്ഞു. നിയമസഭാ സമ്മേളനം അടുത്ത ദിവസം ആരംഭിക്കാനിരിക്കെ സ്പീക്കര്‍ തെറ്റു തിരുത്തി സഭാ സമ്മേളനം സഭയ്ക്കകത്തും പുറത്തും പ്രക്ഷുബ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ തിരുത്തിയതിനേക്കാള്‍ ശരവേഗത്തില്‍ മിത്ത് വിവാദത്തില്‍ സിപിഎം സെക്രട്ടറി തിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ നാമജപയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും ശബരിമലയില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും പിന്‍വലിക്കണം. അതോടൊപ്പം സ്പീക്കര്‍ തെറ്റ് തിരുത്തുകയും ചെയ്താല്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply