തിരുമാറാടി ഗ്രാമപഞ്ചായത്തിൽ ശുചിത്വോത്സവത്തിന് തുടക്കമായി

എറണാകുളം :തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ശുചിത്വത്സവത്തിന് തുടക്കമായി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി ജില്ല കോർഡിനേറ്റർ എസ് രഞ്ജിനി വിഷയാവതരണം നടത്തി.

ജൈവ മാലിന്യ സംസ്കരണം ശാസ്ത്രവും രീതികളും,അടുക്കള മാലിന്യം അടുക്കളയിൽ തന്നെ വളമാക്കൽ, വിവിധതരം ജൈവ മാലിന്യ സംസ്കാരണ രീതികൾ, ബയോ കമ്പോസ്റ്റർ ബിന്നിന്റെ ഉപയോഗ പരിശീലനം, അടുത്തറിയാം അജൈവ പാഴ്വസ്തുക്കളെ, പ്ലാസ്റ്റിക്കിന്റെ ഉപയോഗ രീതികൾ, അജൈവ വാതുക്കളെ തരംതിരിക്കൽ, ബദൽ ഉൽപ്പന്നങ്ങളെ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺമാരായ എ എ സുരേഷ് , ജൂലിയ വി ദേവസ്യ, ദീപു ടി എസ്, കെ എ അനൈന എന്നിവർ നേതൃത്വം നൽകി.

തന്‍റെ ചുറ്റുപാടുകളെ തിരിച്ചറിഞ്ഞ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനുമുള്ള ഒരു മനോഭാവത്തിലേക്ക് പുതുതലമുറയെ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനപ്രവര്‍ത്തനത്തിൽ മാറ്റിനിർത്തേണ്ട ഒന്നല്ല മാലിന്യ സംസ്കരണവും പ്രകൃതി സംരക്ഷണവും, ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് തന്നെയാകണം അതിനുള്ള ആരംഭവും എന്നീ ലക്ഷ്യത്തോടെയാണ് ഓരോ വിദ്യാലയവും ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഹരിത വിദ്യാലയ പ്രവര്‍ത്തനങ്ങളൂടെ ഭാഗമായി എറണാകുളം നവകേരളം കര്‍മ്മ പദ്ധതിയുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ,ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് ,കെ എസ് ഡബ്ലിയു എം പി, കില എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന ഹരിത സമൃദ്ധം- ഹരിത വിദ്യാലത്തിലേക്കൊരു ഹരിത ചുവട് പദ്ധതിയുടെ ഭാഗമായാണ് ശുചിത്വോത്സവം സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി വീട്ടിൽ നിന്നും തൊടിയിൽ നിന്നും ശേഖരിച്ച ജൈവ അജൈവ പഴവസ്തുക്കളിൽ നിന്നും പുനരുപയോഗ മൂല്യമുള്ള ബദൽ ഉത്പന്നങ്ങളുടെ മേളയായ പഴവസ്തു പുതുക്കൽ മേളയും സംഘടിപ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ മുരളീധരകൈമൾ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നെവിൻ ജോർജ്, ആതിര സുമേഷ്, സെക്രട്ടറി പി പി റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ്, പി ടി എ പ്രസിഡന്റ്‌ ടി എ രാജൻ, കാക്കൂർ ഗവ. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് വി കെ തങ്കമണി എന്നിവർ പങ്കെടുത്തു.

Leave A Reply