മിത്ത് പരാമർശത്തിൽ തുടർപ്രക്ഷോഭത്തിന് എൻഎസ്എസ്; നാളെ അടിയന്തര യോഗം

കോട്ടയം: നിയമസഭാ സ്പീക്കറുടെ ‘മിത്ത്’ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാൻ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എസ്എസ്. തുടര്‍സമരരീതികള്‍ നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രതിഷേധത്തില്‍ ഇതരസംഘടനകളുമായി യോജിക്കണോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ തീരുമാനം എടുക്കും. എംവി ഗോവിന്ദന്‍ നിലപാടില്‍ മാറ്റം വരുത്തിയെങ്കിലും സ്പീക്കര്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്നതാണ് എന്‍എസ്എസിന്റെ പൊതുവികാരം.

അതേസമയം, നാമജപയാത്ര നടത്തിയതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്.

Leave A Reply