‘മരുമകനെ സംശയമില്ല’; മകള്‍ രക്ഷപ്പെട്ടത് ഭാര്യ കണ്ടതുകൊണ്ട് മാത്രമെന്ന് സ്‌നേഹയുടെ അച്ഛന്‍

പത്തനംതിട്ട: പ്രസവിച്ചു കിടന്ന മകളെ നഴ്‌സിന്റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് പ്രാവശ്യം കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്‌നേഹയുടെ അച്ഛന്‍ സുരേഷ്. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടത്. എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് വ്യക്തമാക്കി.

മരുമകന്‍ അരുണിന്റെ സഹപാഠിയാണ് അനുഷ. തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് അനുഷ അരുണിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അനുഷയോട് ആശുപത്രിയില്‍ വന്നുകാണാനും പറഞ്ഞു. എന്നാല്‍ അരുണ്‍ ഇല്ലാത്ത സമയത്താണ് ആശുപത്രിയില്‍ വന്നത്. മുന്‍പ് അനുഷയെ കണ്ടിട്ടുണ്ടെങ്കിലും മാസ്‌ക് വച്ചിരുന്നതിനാല്‍ മനസിലായില്ലെന്നും പിതാവ് പറഞ്ഞു.

വൈകുന്നേരം മൂന്നുമണിയോടെ നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയത്. റുമിലെത്തിയതിന് പിന്നാലെ കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് അവളുടെ അമ്മ ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് പിതാവ് കൂട്ടിച്ചേർത്തു.

Leave A Reply