ട്യൂഷൻ സെന്ററുകളുടെ രാത്രിക്ലാസുകളും വിനോദയാത്രകളും നിർത്തലാക്കണം; ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മീഷൻ. കൂടാതെ ട്യൂഷൻ സെന്ററുകൾ നടത്തുന്ന പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ‌

ഹൈസ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സാം ജോൺ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ ഉത്തരവ്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാക്കാലത്ത് ട്യൂഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകൾ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവും. കൂടാതെ രക്ഷിതാക്കൾക്കും മാനസിക സമ്മർദം ഏൽപ്പിക്കുന്നതാണെന്നും കമ്മീഷൻ അംഗം റെനി ആന്റണി നിരീക്ഷിച്ചു.

സ്കൂളുകളിൽ നിന്നുമുള്ള പഠന– വിനോദ യാത്രകൾ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ കൃത്യമായ നിർദേശത്തിലും നേതൃത്വത്തിലുമാണു നടക്കുന്നത്. എന്നാൽ ട്യൂഷൻ സെന്ററുകളിലെ യാത്രകൾക്ക് പ്രത്യേക അനുമതിയോ മേൽനോട്ടമോ ഇല്ലാത്തതിനാൽ അപകടസാധ്യത കൂടുതലാണ്. പഠന–വിനോദ യാത്രകളുടെ മാർഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply