ഭർത്താവിന്റെ പെൺസുഹൃത്ത് വ്യാജ നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ വെച്ച് ഇൻജക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി

തിരുവല്ല: പ്രസവിച്ച യുവതിയെ ഭർത്താവിന്റെ പെൺസുഹൃത്ത് വ്യാജ നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ വെച്ച് ഇൻജക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(25)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇഞ്ചക്ഷൻ ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. പുളിക്കീഴ് പൊലീസാണ് അനുഷയെ അറസ്റ്റ് ചെയ്തത്.

പിടിയിലായ അനുഷ സ്നേഹയുടെ ഭർത്താവിൻറെ സുഹൃത്താണ്. അനുഷ ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയതാണ്. നഴ്സിന്റെ വേഷം ധരിച്ചെത്തിയാണ് ആശുപത്രി മുറിക്കുള്ളിൽ കയറിക്കൂടിയത്.

സിറിഞ്ചിലൂടെ ഞരമ്പിൽ വായു കടത്തിവിട്ട് ‘എയർ എംബോളിസം’ നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ വായുകുത്തിവെച്ചാൽ, തലച്ചോറിലേക്ക് കടക്കുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യും. ഹൃദയസ്തംഭനത്തിനും വഴിയൊരുക്കും. സ്നേഹ അപകടനില തരണംചെയ്തു.

യുവതി കിടന്നിരുന്ന മുറിയില്‍നിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave A Reply