ഡൽഹി : കോടതിയുത്തരവ് പാലിക്കാത്തതിന് ആൻഡമാൻ നിക്കോബാർ ചീഫ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും, ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ. ജോഷിക്ക് അഞ്ച് ലക്ഷം രൂപ പിഴയിടുകയും ചെയ്ത കൽക്കട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വിഷയം ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. ഹൈക്കോടതി ഉത്തരവ് കുറച്ച് കടന്നുപോയെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. എങ്കിലും ഇത്തരമൊരു കടുത്ത നടപടിക്ക് ജഡ്ജിമാർ മുതിരാൻ തക്ക പ്രകോപനമുണ്ടാക്കുന്ന പ്രവൃത്തി ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായിരിക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. വിഷയം അടുത്ത വെളളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
കൽക്കട്ട ഹൈക്കോടതിയുടെ പോർട്ട് ബ്ലെയർ ബെഞ്ചാണ് സസ്പെൻഷനും, പിഴയ്ക്കും വ്യാഴാഴ്ച്ച ഉത്തരവിട്ടത്. ആൻഡമാൻ നിക്കോബാറിലെ നാലായിരം ദിവസക്കൂലി തൊഴിലാളികൾക്ക് ഉയർന്ന വേതനം നൽകണമെന്ന് ഹൈക്കോടതി 2022 ഡിസംബർ 19ന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ നടപടിയുണ്ടായില്ല. കോടതിയെ വെല്ലുവിളിക്കുന്ന സമീപനം സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യനടപടിയിലേക്ക് കടക്കുകയായിരുന്നു.