അക്കാദമിക നിലവാരം ഉയര്‍ത്തുക സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി വി ശിവന്‍കുട്ടി

പാലക്കാട്: അക്കാദമിക നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിലെ മൂന്ന് കോടി ഉപയോഗിച്ച് കോട്ടായി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. സ്‌കൂളുകളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 3800 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഏതെങ്കിലും പഠന വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശീലനം നല്‍കാനുള്ള പദ്ധതി ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വിജയം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. വിദ്യാലയങ്ങളില്‍ ക്ലാസ് മുറികള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍ തുടങ്ങിയവ സജ്ജമായി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സംസ്ഥാനം ഗണ്യമായ പങ്കുവഹിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. വാപ്‌ക്കോസ് ലിമിറ്റഡ് സൈറ്റ് എന്‍ജിനീയര്‍ സച്ചിന്‍ സണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അഭിലാഷ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കുഞ്ഞിലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, സ്ഥിരം സമിതി അധ്യക്ഷരായ വി. വിനിത, ടി.ആര്‍ മഹേഷ് കുമാര്‍, രാധ മോഹന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ കൃഷ്ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷ മനാട്ട്, എസ്.എസ്.കെ ഡി.പി. ഒ എം.ആര്‍ മഹേഷ് കുമാര്‍, ഡയറ്റ് ലക്ചറര്‍ പി. രാമകൃഷ്ണന്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത വിശ്വനാഥ്, കുഴല്‍മന്ദം എ.ഇ.ഒ പി രാധാകൃഷ്ണന്‍, കുഴല്‍മന്ദം ബി.പി.സി ഇന്‍ചാര്‍ജ് വി മഞ്ജു, എസ്.എം.സി ചെയര്‍മാന്‍ കെ.വി സമീഷ്, കോട്ടായി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.കെ കൃഷ്ണലീല, പ്രധാനധ്യാപിക കെ. ഗീതാകുമാരി, പി.ടി.എ പ്രസിഡന്റ് കെ.ആര്‍ വിനോദിനി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply