നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ നിശിത രാഷ്ട്രീയ വ്യാഖ്യാനം നൽകുമ്പോൾ തന്റെ സിനിമാ വ്യക്തിത്വത്തെ കാര്യമാക്കുന്നില്ല. അധികാരത്തിലെ ഉന്നതരെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനകളെ ധിക്കരിക്കുന്ന സിനിമാ കൂട്ടായ്മയിലെ ചുരുക്കം ചിലരിൽ ഒരാളാണ് താരം. അതുപോലെ സിനിമയിലെ പ്രശ്‌നങ്ങളും വലുപ്പ ചെറുപ്പമില്ലാതെ വിമർശിക്കുന്ന അദ്ദേഹം ഇപ്പോൾ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. രഞ്ജിത്തിനെതിരെ ആണ് അദ്ദേഹ൦ പ്രതികരിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണത്തിൽ രഞ്ജിത്ത് ഇതുവരെ പ്രതികരിക്കാത്തതിനെ പരിഹസിച്ചിരിക്കുകയാണ് ഹരീഷ് പേരടി.
ഹരീഷ് പേരടി പറയുന്നത് രഞ്ജിത്ത് അടുത്ത തവണ വീണ്ടു ഇടതുപക്ഷം വന്നാല്‍ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് എന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലെന്നാണ്.
ഹരീഷ് പേരടിയുടെ പോസ്റ്റ് :
“രഞ്ജിയേട്ടാ… ആരൊക്കെ പ്രകോപിപ്പിച്ചാലും നിങ്ങൾ ഒന്നും മിണ്ടരുത്. നമ്മൾ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ. ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും. നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു. (അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറിക്കൂടി. അതാണ് ഈ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം (അതിനുള്ള പണി പിന്നെ). അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ. ഇത് വല്ലതും ഈ നാലാംകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ? അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാംസ്കാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ. സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട. ഈഗോ വരും. അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി… വിപ്ലവാശംസകൾ.”