പാഴ് കുപ്പികള്‍ കൊണ്ട് വേറിട്ടൊരു വീട്; മാതൃകയായി സന്യാസിയോട സ്‌കൂള്‍

ഇടുക്കി: മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേറിട്ട മാതൃകയുമായി സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂള്‍. 5000 പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍ ഉപയോഗിച്ച് സ്‌കൂളിലെ സ്റ്റാര്‍സ് പ്രീപ്രൈമറിയില്‍ നിര്‍മാണയിടമായി കുപ്പിവീടും കിണറും ഒരുക്കിയാണ് സ്‌കൂള്‍ മാതൃകയായത്. സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. കുട്ടികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് സമാഹരിച്ച പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണ് പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കായി കുപ്പി വീടൊരുക്കിയത്.

കുട്ടികളില്‍ പ്രകൃതിസംരക്ഷണ താല്‍പര്യവും സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്താനാണ് സ്‌കൂള്‍ അധികൃതര്‍ വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചത്. അങ്ങിനെ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളില്‍ നിന്ന് കൗതുക നിര്‍മ്മിതികളും ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ സാധിക്കുമെന്നതിന്റെ വലിയ തെളിവായി മാറി കുപ്പിവീട്. സ്‌കൂളിലൊരുക്കിയ കുപ്പിവീട്ടിലാണ് ഇപ്പോള്‍ കുരുന്നുകള്‍ കളിമണ്ണ്, പേപ്പര്‍ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പഠിക്കുന്നത്. കുപ്പി വീിനോടനുബന്ധിച്ച് പുരാവസ്തു പ്രദര്‍ശനവും സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പ്രീ പ്രൈമറി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പുറത്തുനിന്നുള്ള സംഘങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച തുകയും ഉപയോഗിച്ചായിരുന്നു കുപ്പിവീട് നിര്‍മാണം. പ്രീ പ്രൈമറി സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ശാസ്ത്രയിടം, ഗണിതയിടം, ഭാഷായിടം, കുഞ്ഞരങ്ങ് തുടങ്ങിയ 13 ഇടങ്ങളില്‍ ഒന്നാണ് ഈ നിര്‍മ്മാണയിടം. കുട്ടികള്‍ ഒരു മാസമെടുത്താണ് നെടുങ്കണ്ടം പഞ്ചായത്തിലെ ഹരിതകര്‍മ സേനയുടെ സഹായത്തോടെ 5000ലധികം കുപ്പികള്‍ സ്വരൂപിച്ചത്. തുടര്‍ന്ന് പ്ലാസ്റ്റിക് കുപ്പികളില്‍ സിമന്റ് നിറച്ച് അടിത്തറയും മണ്ണ് നിറച്ച് ഭിത്തിയും വെള്ളം നിറച്ച് ജനാലകളും നിര്‍മിക്കുകയായിരുന്നു. കരുണാപുരം സ്വദേശിയായ തെയ്യം കലാകാരന്‍ പൂതപ്പാറ പി.കെ. സജിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. പ്ലാസ്റ്റിക് വസ്തുക്കള്‍, ടയര്‍ തുടങ്ങി ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ പാഴ്‌വസ്തുക്കള്‍ നിര്‍മിതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

Leave A Reply