കനത്ത മഴയെ തുടർന്ന് അൽഐൻ റോഡുകളിൽ പൊലീസ് വേഗപരിധി കുറച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ വിരുന്നെത്തിയ കനത്ത മഴ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസം പകർന്നെങ്കിലും റോഡിൽ കാഴ്ച മങ്ങിയതോടെയാണ് പൊലീസ് വാഹനങ്ങളുടെ വേഗപരിധി കുറച്ചത്.
120 കിലോമീറ്ററിന് മുകളിൽ വേഗം പാടില്ലെന്നായിരുന്നു നിർദേശം. അതോടൊപ്പം മേഖലയിൽ പലയിടത്തും വ്യത്യസ്ത തീവ്രതയിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തതോടെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. മലാഖിത് മേലയിലാണ് ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്.