എൽ.ഡി.എഫ് ഭരണത്തിനെതിരെ യു.ഡി.എഫ് നേതൃത്വം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറം തികയാത്തതിനാൽ ചർച്ചക്കെടുക്കാതെ പരാജയപ്പെട്ടു
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണത്തിനെതിരെ യു.ഡി.എഫ് നേതൃത്വം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറം തികയാത്തതിനാൽ ചർച്ചക്കെടുക്കാതെ പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറം തികയാത്തതിനാൽ ചർച്ചക്കെടുക്കാൻ കഴിയാതെ പരാജയപ്പെടുന്നത്.
17 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -എട്ട്, ബി.ജെ.പി-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റാൻ വേണ്ടിയാണ് അവിശ്വാസം കൊണ്ടുവന്നത്. ആറുമാസം മുമ്പ് മുളയറച്ചാൽ വാർഡംഗത്തിന്റെ മരണത്തെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. ഇതോടെ എൽ.ഡി.എഫ് എട്ടിൽനിന്ന് ഏഴിലേക്കും യു.ഡി.എഫ് ഒരു സീറ്റ് കൂട്ടി എട്ടാവുകയും ചെയ്തു.
ആറ് മാസം മുമ്പും യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ക്വോറം തികയാതെ പരാജയപ്പെട്ടു. ചടയമംഗലം ബി.ഡി.ഒ വരണാധികാരിയായിരുന്നു. അവിശ്വാസ പ്രമേയം ചർച്ചെക്കെടുക്കണമെങ്കിൽ പഞ്ചായത്തീരാജ് നിയമത്തിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളുടെ പകുതിയിലധികം ഉണ്ടായിരിക്കണം.