മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ ജനകീയ സമര സമിതി

കേരള ശുചിത്വ മിഷനും ജില്ലാ പഞ്ചായത്തും ചേർന്ന് അഴൂർ ഗ്രാമ പഞ്ചായത്തിലെ വെയിലൂർ ഗവ. ഹൈസ്ക്കൂളിന് അരികിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ശക്തമായ ജനകീയ സമരം നടന്നു. ആഗസ്റ്റ് 2 ന് രാവിലെ 10 മണിക്ക് ചിലമ്പിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് നാട്ടുകാർ പങ്കെടുത്തു. തുടർന്ന് അഴൂർ പഞ്ചായത്ത് പടിക്കൽ നടന്ന പ്രതിഷേധ ധർണ്ണ സിറ്റിസൺ ഫോർ ഡെമോക്രസി സംസ്ഥാന ജനറൽ സെക്രട്ടറിയും ആക്ടിവിസ്റ്റുമായ ശ്രീജാ നെയ്യാറ്റികര ഉദ്ഘാടനം ചെയ്തു.

ഗ്രാമസഭകൾ ചേരാതെയും ജനകീയ താൽപ്പര്യം ആരായാതെയും ജനവാസ കേന്ദ്രത്തിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കാനുള്ള പഞ്ചായത്ത് നീക്കം ജനാധിപത്യ വിരുദ്ധവും ഭരണഘടനയ്ക്കെതിരായ വെല്ലുവിളിയുമാണെന്ന് ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു. സർക്കാർ സ്ക്കൂളിനും ജനവാസ മേഖലയ്ക്കും ഇടയിൽ പ്ലാന്റ്​ നിർമ്മാണത്തിന് കൂട്ടുനിൽക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. പദ്ധതിക്കായി പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹിക ആഘാത പഠനമോ നടന്നിട്ടില്ലെന്ന്​ സമരക്കാർ ആരോപിച്ചു. ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ മോഹനൻ നായർ സ്വാഗതം ആശംസിച്ചു. പൊതുപ്രവർത്തകനായ പള്ളിപ്പുറം ശശി, ജനകീയ സമര സമിതി നേതാക്കളായ വെയിലൂർ നിസ്സാം, മോഹനൻ,വിനോദ് എന്നിവർ സംസാരിച്ചു. മനോജ് ചിലമ്പിൽ നന്ദി പ്രകാശിപ്പിച്ചു.

ജനകീയ താൽപ്പര്യം പരിഗണിച്ച് പ്രത്യേക പഞ്ചായത്ത് കമ്മിറ്റി ചേർന്ന് നിർദ്ദിഷ്ഠ മാലിന്യ സംസ്ക്കരണ പ്ലാന്റ് ഉപക്ഷിക്കാനുള്ള പ്രമേയം പാസ്സാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജനകീയ സമരസമിതി നേതാക്കൾക്ക് നൽകിയ ഉറപ്പിന്മേൽ രണ്ടുമണിയോടെ ധർണ്ണ അവസാനിച്ചു.

Leave A Reply