തൃശൂർ: വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും രാജ്യത്തിന് അഭിമാനമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉയർന്നുവെന്നും മൃഗസംരക്ഷണം – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി.
എസ് എൻ പുരം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെയും മെറിറ്റ് ഡേയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മേഖലയുടെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ കോടിക്കണക്കിന് തുകയാണ് വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകൾ നൂറ് ശതമാനം വിജയം നേടുന്ന സ്കൂളുകളായി മാറി. ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സ്ഥാപനങ്ങളും കേന്ദ്രങ്ങളുമാണ് ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും വികസന മാറ്റങ്ങൾ കാണാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, മറ്റ് പ്രതിഭകൾ, കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ, കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ എന്നിവരെ മന്ത്രി ആദരിച്ചു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയിൽ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി കെ ഗിരിജ, എസ് എൻ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എസ് മോഹനൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വത്സമ്മ ടീച്ചർ, എസ് എൻ പുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ നൗഷാദ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഐ അയ്യൂബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ഷാജി, എറണാകുളം ആർഡിഡി കെ വഹീദ, തൃശ്ശൂർ റീജിയൻ (വിഎച്ച്എസ്ഇ) അസിസ്റ്റൻറ് ഡയറക്ടർ ലിസി ജോസഫ്, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എ ജി സുനിൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപക തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറി.