തൃശൂർ: സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പുന്നയൂർക്കുളം രാമച്ച കൃഷി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രാമച്ചത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനാവശ്യമായ യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് ധനസഹായം നൽകും. പത്ത് ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങൾ വാങ്ങുന്നതതിന് 80 ശതമാനം തുക സർക്കാർ നൽകും. കൃഷി ക്കൂട്ടങ്ങൾ രൂപീകരിച്ച് മൂല്യവർദ്ധിതം, വിപണനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം.അഗ്രോ ബിസ്നസ് വഴി രാമച്ച മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കും. നാട്ടിലും മറുനാട്ടിലും ഇതു വഴി രാമച്ച വിപണനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.