തിരുവനന്തപുരം: സ്കൂളുകളിലെത്താത്ത വിദ്യാർഥികളെ കണ്ടെത്തി തിരികെ സ്കൂളുകളിലെത്തിക്കുന്ന ‘ചിറ്റ്-ചാറ്റ്’ പദ്ധതിയുമായി സിറ്റി പൊലീസ്. അനധികൃതമായി ക്ലാസിൽ ഹാജരാകാത്ത സ്കൂൾ കുട്ടികളാണ് ലഹരി ഉപയോഗത്തിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പദ്ധതിക്ക് പൊലീസ് രൂപം നൽകിയത്.
പദ്ധതിയുടെ ഭാഗമായി ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും ലഹരി മാഫിയ പിടിമുറുക്കിയതോ പിടിമുറുക്കാൻ സാധ്യതയുള്ളതോ ആയ സ്കൂളുകൾ കണ്ടെത്തും. തുടർന്ന് ഹാജരാകാത്ത വിദ്യാർഥികളുടെ പട്ടിക ശേഖരിക്കും. ഇവരെ നിരീക്ഷിച്ചും മാതാപിതാക്കളെ അറിയിച്ചും സ്കൂളുകളിൽ തിരികെ എത്തിക്കുന്നതാണ് പദ്ധതി. വനിത സെല്ലിലെ വനിത പൊലീസ് ഓഫിസർമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അസി. പൊലീസ് കമീഷണർ, നാർക്കോട്ടിക് സെൽ ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം നഗരത്തിലെ 22 സ്കൂളുകളിൽനിന്ന് ക്ലാസിൽ ഹാജരാകാത്തവരുടെ വിവരം പൊലീസ് ശേഖരിച്ചിരുന്നു. ആദ്യ ആഴ്ചകളിൽ പ്രതിദിനം 200-250 വരെ അനധികൃത ഹാജർ പട്ടിക ലഭിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ അനധികൃത ഹാജർ പട്ടികയിൽ നേരിയ കുറവുണ്ടായി. ഇപ്പോൾ അത് എൺപതിലും താഴെയാണെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.