കഴക്കൂട്ടം: തിരുവനന്തപുരം തുമ്പ കരിമണലിൽ ഗുണ്ടകളുടെ പരാക്രമം. തലസ്ഥാനത്തെ പ്രധാന ഗുണ്ടകളിൽ ഒരാളായ ശംഖുംമുഖം സ്വദേശി ഡാനിയുടെ നേതൃത്വത്തിൽ പത്ത് ഗുണ്ടകളാണ് കഴിഞ്ഞദിവസം തലസ്ഥാനത്ത് അഴിഞ്ഞാടിയത്.
യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയശേഷം അത് തിരികെ കിട്ടണമെങ്കിൽ ഡാനിയുടെ കാൽ പിടിക്കുകയും ഷൂവിൽ ഉമ്മവെക്കുകയും വേണമെന്ന് ഡാനിയും സംഘവും യുവാവിനോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിക്കൊടുവിൽ ഡാനിയുടെ കാലിൽ പിടിക്കുകയും ഷൂവിൽ ഉമ്മ വെക്കുകയും ചെയ്തശേഷമാണ് മൊബൈൽ തിരികെ കൊടുത്തത്.
ഇതെല്ലാം ഇവരുടെ സംഘത്തിലുള്ളവർ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് നടന്ന സംഭവം വ്യാഴാഴ്ചയാണ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നത്. സംഭവം പുറത്തായതോടെ പൊലീസിന്റെ കെടുകാര്യസ്ഥതയും സമൂഹമാധ്യമങ്ങൾ വഴി ആളുകൾ ചോദ്യം ചെയ്തു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഡാനി ഗുണ്ടായിസം കാണിക്കുന്നതെന്നും വിമർശനം ഉയർന്നു. ഡാനിയും സുഹൃത്തായ മുടിയൻ ഷിജുവും ചേർന്നാണ് യുവാവിനെകൊണ്ട് ഇത്തരത്തിൽ നീചമായ പ്രവൃത്തി ചെയ്യിച്ചത്.
എന്നാൽ, സംഭവത്തെപറ്റി അന്വേഷിക്കാനോ കേസെടുക്കാനോ പൊലീസ് തയാറായിട്ടില്ല. ഇരയായ യുവാവ് പരാതി നൽകിയിട്ടില്ലെന്ന ന്യായമാണ് പൊലീസ് പറയുന്നത്. ഐ.ടി ഹബ്ബായ കഴക്കൂട്ടത്തിന് തൊട്ടടുത്തായാണ് അർധരാത്രിയിൽ ഗുണ്ടകൾ അഴിഞ്ഞാടിയത്.