കോന്നി: അരുവാപ്പുലം മുതുപേഴുങ്കലിൽ പട്ടാപ്പകൽ വീട് തുറന്ന് സ്വർണം മോഷ്ടിച്ചു. അലമാരക്കുള്ളിൽ സൂക്ഷിച്ച രണ്ടരപ്പവൻ തൂക്കം വരുന്ന മാലയാണ് അപഹരിച്ചത്. ഇലവിനാൽ വീട്ടിൽ ബെൻസി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. രാവിലെ ഒമ്പത് മണിയോടെ ബെൻസിയുടെ ഭാര്യ ലവ്സി വീട് പൂട്ടി താക്കോൽ കാർപെറ്റിന് അടിയിൽ വെച്ചിട്ട് കോന്നിയിലേക്കുപോയി. ബെൻസി പറമ്പിൽ കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന സമയത്തായിരുന്നു മോഷണം നടന്നത്.
താക്കോലെടുത്ത് അകത്തുകടന്ന മോഷ്ടാവ് സ്വർണം കവർന്നശേഷം താക്കോൽ എടുത്ത സ്ഥാനത്തുതന്നെ തിരികെ വെക്കുകയും ചെയ്തു. ലവ്സി വീട്ടിൽ തിരിച്ചെത്തി വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് മാല മോഷണ വിവരം അറിയുന്നത്. വീടിനുള്ളിലെ സാധനങ്ങൾ അടക്കം മോഷ്ടാവ് വാരിവലിച്ച് ഇട്ടിരുന്നു. തുടർന്ന് വീട്ടുകാർ കോന്നി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് എസ്.ഐമാരായ രവീന്ദ്രൻ, സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറെൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.