വെള്ളം കുടിക്കാൻ പോയതിന് ചൂരൽ പ്രയോഗം; വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ചു, കന്യാസ്ത്രീയായ അധ്യാപികയ്ക്കെതിരെ കേസ്

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ അധ്യാപിക വഴക്ക് പറഞ്ഞ് ചൂരല്‍കൊണ്ട് അടിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കന്യാസ്ത്രീയായ അധ്യാപികയ്‌ക്കെതിരേ കുന്നംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വന്നൂരിലെ ഒരു വിദ്യാലയത്തിലെ രണ്ട് വിദ്യാര്‍ഥിനികള്‍ എലിവിഷം വാങ്ങി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇരുവരും വിഷം കഴിച്ചത്.

സ്‌കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാന്‍ പോകരുതെന്ന് അധ്യാപിക വിദ്യാര്‍ഥിനികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാര്‍ഥിനികള്‍ വെള്ളം കുടിക്കാന്‍ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞ് അടിച്ചതെന്ന് പറയുന്നു. ഇരുവരും സമീപത്തെ കടയില്‍നിന്നും എലിവിഷം വാങ്ങിയതിനുശേഷം വെള്ളത്തില്‍ കലക്കി കുടിക്കുകയായിരുന്നു. തുടര്‍ന്ന് വിഷം കഴിച്ചവരില്‍ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. നിലവില്‍ അപകടസാധ്യതയില്ലെന്നും രണ്ടു ദിവസത്തിനുശേഷമേ കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതെസമയം രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് അധ്യാപിക കുട്ടികളെ വഴക്ക് പറഞ്ഞ് അടിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു

Leave A Reply