ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യയുടെ 33 അംഗ സംഘം ബുഡാപെസ്റ്റിലേക്ക്

ന്യൂഡൽഹി : ഒരു ഒളിംപിക്സ് ചാംപ്യൻ, 5 ഏഷ്യൻ ചാംപ്യൻമാർ, 6 കോമൺവെ‍ൽത്ത് മെഡൽ ജേതാക്കൾ…. രാജ്യാന്തര വേദികളിൽ തിളങ്ങിയ സൂപ്പർ താരനിരയുമായി ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് ഒരുങ്ങുമ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷകളുടെ ഭാരം. 33 അംഗ ഇന്ത്യൻ സംഘം ഇന്നു പുലർച്ചെ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കു യാത്ര തിരിച്ചു. ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഓഗസ്റ്റ് 19 മുതൽ 27 വരെയാണ് മത്സരങ്ങൾ.

നീരജ് ചോപ്രയിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മത്സരയിനമായി മാറിയ പുരുഷ ജാവലിൻത്രോയിൽ ഇത്തവണ 4 പേരാണ് ലോക ചാംപ്യൻഷിപ് യോഗ്യത നേടിയത്. നിലവിലെ ഡയമണ്ട് ലീഗ് ചാംപ്യനായ നീരജിന് വൈൽഡ് കാർഡ് എൻട്രി ലഭിക്കുമ്പോൾ രോഹിത് യാദവ്, ഡി.പി.മനു, കിഷോർകുമാർ ജെന എന്നിവർക്ക് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടി. എന്നാൽ പരുക്കേറ്റ രോഹിത് യാദവ് ഒഴികെ മറ്റു 3 പേർ മാത്രമാണ് ബുഡാപെസ്റ്റിൽ മത്സരിക്കുക. 27 താരങ്ങൾ വ്യക്തിഗത ഇനത്തിൽ മത്സരിക്കുമ്പോൾ ടീം ഇനങ്ങളിൽ യോഗ്യത നേടിയത് പുരുഷ 4–400 റിലേ ടീം മാത്രം.

27 താരങ്ങളാണ് ലോക ചാംപ്യൻഷിപ്പിൽ വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അതിൽ 8 പേരും ജംപ് ഇനങ്ങളിലാണ്. കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോൾ, ഏഷ്യൻ ചാംപ്യൻ അബ്ദുല്ല അബൂബക്കർ, ദേശീയ റെക്കോർഡ് ജേതാവ് പ്രവീൺ ചിത്രവേൽ എന്നിവർ മത്സരിക്കുന്ന പുരുഷ ട്രിപ്പിൾ ജംപാണ് രാജ്യം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരയിനങ്ങളിലൊന്ന്. പുരുഷ ലോങ്ജപിൽ തന്റെ മൂന്നാമത്തെ ലോക ചാംപ്യൻഷിപ്പിനാണ് എം.ശ്രീശങ്കർ ഇറങ്ങുക.

Leave A Reply