അമേരിക്കയില്‍ മെസി തരംഗം; ലീഗ്‌സ് കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റ് പോയത് 10 മിനിറ്റിനുള്ളില്‍

ലീഗ്‌സ് കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റ് പോയത് വെറും 10 മിനിറ്റിനുള്ളില്‍. ഇന്റര്‍ മയാമിയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ലഭ്യമായ 20,000 ടിക്കറ്റുകളാണ് വിറ്റത്. ടെക്‌സസിലെ ടൊയോട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലയണല്‍ മെസി നയിക്കുന്ന ഇന്റര്‍ മയാമി എംഎല്‍എസ് ക്ലബ് ഡാലസ് എഫ്‌സിയുമായാണ് ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം വരുന്ന തിങ്കളാഴ്ച പുലര്‍ച്ചെയാണ് മത്സരം. അമേരിക്കന്‍ മണ്ണിലെ മെസിയുടെ ആദ്യ എവേ ഗെയിം എന്ന പ്രത്യേകത കൂടി ഉണ്ട് ഈ പോരാട്ടത്തിന്.

ലോക ചാമ്പ്യന്‍ ലയണല്‍ മെസി ഇന്റര്‍ മയാമിയില്‍ എത്തിയതോടെ ക്ലബ്ബിന് മാത്രമല്ല, എംഎല്‍എസിന് ഒന്നാകെ വലിയ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്. പെട്ടെന്ന് തന്നെ ലോകം മുഴുവന്‍ കാണുന്ന, ചര്‍ച്ച ചെയ്യുന്ന ലീഗായി എംഎല്‍എസ് മാറിയിരിക്കുകയാണ്. ഇന്റര്‍ മയാമി – ഡാലസ് എഫ്‌സി റൗണ്ട് ഓഫ് 16 മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ വില 299 ഡോളറാണ്. 25,000 ഇന്ത്യന്‍ രൂപയോളം വരുമിത്. റീസെയില്‍ ടിക്കറ്റുകളുടെ വില 600 ഡോളറില്‍ കൂടുതല്‍ വരും. ഏതാണ്ട് 50,000 ഇന്ത്യന്‍ രൂപ.

ഒര്‍ലാന്‍ഡോ സിറ്റിയെ 3-1ന് തകര്‍ത്താണ് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നത്. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി ഉജ്ജ്വല പ്രകടനമാണ് മെസി കാഴ്ചവെച്ചത്. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 5 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി ഇരട്ട ഗോള്‍ നേടുന്നത്.

Leave A Reply