മുക്കം: ലോട്ടറി കടയുടെ മറവിൽ ചൂതാട്ടം നടത്തിയ പ്രതി അറസ്റ്റിൽ. കുമാരനല്ലൂർ സ്വദേശി സരുണിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കത്ത് ആലിൻ ചുവട്ടിൽ ലോട്ടറിക്കടയിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. സംസ്ഥാന സർക്കാർ ലോട്ടറി ടിക്കറ്റിന്റെ അവസാന അക്കങ്ങൾ വെച്ച് ‘എഴുത്ത് ’ ലോട്ടറി ചൂതാട്ടം നടത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്നു 6050 രൂപയും മൊബൈൽ ഫോണും എഴുത്ത് ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മുക്കം എസ്.ഐ ടി.ടി. നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജദീര്‍ ചേന്ദമംഗലൂർ, കെ.എം. അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
