എംപി എന്ന നിലയിൽ അഭിമാനം, തിരുവനന്തപുരത്ത് ഹൈക്കോടതി സ്ഥിരം ബഞ്ചിനായി പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചതിൽ തരൂർ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഹൈക്കോടതിയുടെ സ്ഥിരം ബഞ്ച് വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തിന്‍റെ പഴക്കമുണ്ട്. ഈ ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള സമര പ്രക്ഷോഭങ്ങളും തലസ്ഥാന ജില്ല കണ്ടിട്ടുണ്ട്. എന്നാൽ ആവശ്യം ഇനിയും അകലെയാണ്. ഇപ്പോഴിതാ ഹൈക്കോടതിയുടെ ഒരു സ്ഥിരം ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് തലസ്ഥാനത്തെ എം പി ശശി തരൂർ. എം പി എന്ന നിലയിൽ അഭിമാനമെന്ന് പറഞ്ഞുകൊണ്ട് ശശി തരൂർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ശശി തരൂരിന് പറയാനുള്ളത്

കേരള ഹൈക്കോടതിയുടെ ഒരു സ്ഥിരം ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനായതിൽ എം പി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിന്‍രെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കേരള ഹൈക്കോടതിയുടെ സ്ഥിരം ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളുകളായി ഉയർന്നിരുന്നു. പല കേസുകളിലും ‘സ്റ്റേറ്റ്’ തന്നെയാണ് പ്രധാനമായും പങ്കെടുക്കേണ്ടിവരുന്നത്. ആ സമയത്ത് വലിയ ചിലവാണ് സർക്കാരിന് ഉണ്ടാകുന്നത്. തിരുവനന്തപുരത്ത് നിന്ന് ഹൈക്കോടതിയിലെത്താനായി എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് യാത്രാ അലവൻസ്, ലീവ് അലവൻസ് എന്നിവയ്ക്കായി സംസ്ഥാന സർക്കാരിന് വലിയ ചെലവാണ് ഉണ്ടാകുന്നത്. ഇത് ഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് കേരള ഹൈക്കോടതിയുടെ സ്ഥിരം ബെഞ്ച് സ്ഥാപിക്കാനായാൽ ഈ ചിലവ് ലാഭിക്കുന്നതിലൂടെ കോടികൾ ഖജനാവിൽ ബാക്കിയാകും. കക്ഷികളുടെ കാര്യവും സമാനമാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ പോയി നീതി തേടേണ്ട അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം. ഇതിനെല്ലാമായാണ് ലോക്സഭയിൽ ഇക്കാര്യം ചൂണ്ടികാട്ടി സ്വകാര്യ ബിൽ അവതരിപ്പിച്ചതെന്നും തരൂർ വ്യക്തമാക്കി.

Leave A Reply