അയോഗ്യനാക്കിയത് വിധി വന്ന് 24 മണിക്കൂറിനുള്ളില്‍; അത് തിരികെനല്‍കാന്‍ എത്രനേരമെടുക്കുമെന്ന് നോക്കാമെന്ന് ഖാര്‍ഗെ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് വിചാരണക്കോടതിയുടെ ശിക്ഷാവിധി വന്ന് 24 മണിക്കൂറിനുള്ളിലാണെന്നും എന്നാൽ ശിക്ഷ തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നസ്ഥിതിയ്ക്ക് എത്ര സമയത്തിനുള്ളില്‍ രാഹുലിന്റെ പാര്‍ലമെന്റംഗത്വം തിരികെ നല്‍കുമെന്ന് നോക്കാമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.
രാജ്യത്തിന്റെ ഭരണഘടന ഇപ്പോഴും സജീവമാണെന്നും ഏതൊരാള്‍ക്കും നീതി ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുപ്രീം കോടതി വിധിയെന്നും ഖാര്‍ഗെ പറഞ്ഞു. രാഹുലിന് അനുകൂലമായുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
ഇത് ആഹ്ളാദത്തിന്റെ ദിനമാണെന്നും ജനാധിപത്യവും ഭരണഘടനയും വിജയം നേടിയതായും സത്യം മാത്രമേ ജയിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
“സാധാരണജനതയുടെ വിജയമാണിത്, ഇത് രാഹുലിന്റെ മാത്രം വിജയമല്ല, രാജ്യത്തെ ജനങ്ങളുടെ വിജയമാണ്, ജനാധിപത്യത്തിന്റേയും ജനാധിപത്യമൂല്യങ്ങളുടേയും വിജയമാണ്”, അദ്ദേഹം പറഞ്ഞു.