മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലിയിലെ പനമരം ദാസനക്കര കൂടല്‍കടവ് ചെക്ഡാമിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം കരിമ്പുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില്‍ പാത്തൂട്ടിയുടെ മകന്‍ നാസര്‍ (36) ആണ് മരിച്ചത്. കൈയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റി നിലയിലായിരുന്നു മൃതദേഹം.

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണതാണെന്നാണ് നിഗമനം. നല്ല ഒഴുക്കുള്ള ഭാഗത്തായിരുന്നു മീന്‍പിടുത്തം.  വലയുടെ കയർ കൈയ്യിൽ ചുറ്റിയതിനാലാകാം നാസറിന് നീന്താന്‍  കഴിയാതിരുന്നത് എന്നാണ് നിഗമനം. മാനന്തവാടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ തെരച്ചില്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂബാഡൈവിങിലൂടെ ആളെ പുറത്തെടുത്തത്.

പൊലീസ് നടപടികള്‍ക്ക് ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാനന്തവാടി എസ്.ഐ. സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം. രാജന്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ എം.ബി. വിനു, കെ. അജീഷ് എന്നിവരാണ് വെള്ളത്തില്‍ നിന്നും നാസറിനെ മുങ്ങി എടുത്തത്.

Leave A Reply