ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ്: മൂന്നാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

കൊച്ചി: ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് 2023 സീസണിന്‍റെ മൂന്നാം റൗണ്ടിന് പൂര്‍ണ സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്ക് (എംഎംആര്‍ടി) മൂന്നാം റൗണ്ടിനായി ഒരുങ്ങുമ്പോള്‍ ട്രാക്കുകളില്‍ തീപ്പൊരി പടര്‍ത്താന്‍ പ്രത്യേകം നിര്‍മിച്ച ഹോണ്ട എന്‍എസ്എഫ്250ആര്‍ മോട്ടോര്‍സൈക്കിളുകളുമായി 14 യുവറൈഡര്‍മാരും തയാറെടുത്തുകഴിഞ്ഞു. ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ടിലെ ആദ്യറേസില്‍ 18കാരനായ  കവിന്‍ ക്വിന്‍റലായിരുന്നു ജേതാവ്. എ.എസ് ജെയിംസിനായിരുന്നു രണ്ടാം സ്ഥാനം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ശ്യാം സുന്ദറിനെ പിറകിലാക്കി പ്രകാശ് കമ്മത്ത് മൂന്നാം സ്ഥാനം നേടി.

അതേസമയം രണ്ടാം റേസില്‍ തന്‍റെ വൈദഗ്ധ്യം പ്രകടമാക്കിയ ശ്യാം സുന്ദര്‍ ഒന്നാം  സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. എ.എസ് ജെയിംസ്, റഹീഷ് ഖത്രി എന്നിവരായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്നാം റൗണ്ടിലും യുവറൈഡര്‍മാരുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മദ്രാസ് മോട്ടോര്‍ റേസ് ട്രാക്ക് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 5, 6 തീയതികളില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെയും, ഹോണ്ട ബിഗ്വിങ് ഇന്ത്യയുടെയും ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് മത്സരം തത്സമയം കാണാം.

യുവ റൈഡര്‍മാര്‍ക്ക്, അവരുടെ കഴിവുകളും റൈഡിങിലുള്ള ദൃഢനിശ്ചയവും പ്രകടിപ്പിക്കാനുള്ള വേദിയാണ് ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പുകളില്‍ തങ്ങളുടെ യുവതാരങ്ങള്‍ അവിശ്വസനീയമായ മുന്നേറ്റം നടത്തുന്നത് കാണുന്നതില്‍  സന്തോഷമുണ്ട്. അവിസ്മരണീയമായ പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന റൈഡര്‍മാര്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Leave A Reply