ന്യൂഡൽഹി: എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ നൽകിയ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കിൽ കുറിച്ചു.
അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.ആര്. ഗവായ്, ജസ്റ്റീസ് പി.എസ്. നരസിംഹ, ജസ്റ്റീസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാഹുലിനു പരമാവധി ശിക്ഷ നല്‍കിയതിന്റെ കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ഇതോടെ ലോക്സഭാ എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത നീങ്ങും.