സത്യത്തിന്‍റെ വിജയം, സുപ്രീം കോടതി വിധി വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കേറ്റ കനത്ത തിരിച്ചടി: വിഎം സുധീരൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെയുള്ള ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രിം കോടതിയുടെ വിധി സത്യത്തിന്റെ വിജയവും വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയുമാണെന്ന് വി എം സുധീരൻ. കീഴ്കോടതികളെ സമ്മർദ്ദത്തിലാക്കി രാഹുൽ ഗാന്ധിയെ നിശബ്ദനും നിർവീര്യനുമാക്കാനുള്ള മോദി ഭരണകൂടത്തിന്റെ ഗൂഡ തന്ത്രങ്ങളാണ് പരാജയപ്പെട്ടതെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
അതേസമയം കേരളത്തിലെ മറ്റ് കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി ഉത്തരവിൽ പ്രതികരണങ്ങളുമായി രംഗത്തെത്തി. സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്. തെറ്റിനെതിരെ ശബ്ദിക്കുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നാണ് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിക്കാൻ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അദാനി – മോദി ബന്ധം പാർലമെന്റിൽ പറഞ്ഞ അന്നുമുതൽ രാഹുലിനെതിരായ നീക്കം തുടങ്ങിയതാണ്. നിയമത്തിൽ വിശ്വാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോടതികളെ ബഹുമാനിച്ചുകൊണ്ട് നിയമപരമായി എല്ലാം നേരിടുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞതാണെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും എന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമോന്നത നീതിപീഠം രാഹുലിന് നീതി നൽകിയെന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. നീതിപീഠങ്ങളോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി മുന്നോട്ട് പോയത്. വയനാട്ടിലെ ജനങ്ങൾക്ക് അവരുടെ എം പിയെ തിരികെ കിട്ടിയെന്നും അയോഗ്യനായ ശേഷവും രാഹുൽ വയനാട്ടിലേക്ക് വന്ന് ജനങ്ങളെ കണ്ടെന്നെും അദ്ദേഹം ചൂണ്ടികാട്ടി. ന്യായം കാക്കാനും നീതി കാക്കാനും രാജ്യത്ത് നീതിപീഠങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.