തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ റിട്ട. എസ്ഐയുടെ വീടിനുനേരേ ആക്രമണം. ഇന്ന് പുലര്‍ച്ചെ റിട്ട. എസ്ഐ അനില്‍കുമാറിന്റെ അമരവിളയിലെ വീടിനുനേരേയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
മൂന്നു ബൈക്കുകളിലായാണ് അക്രമിസംഘം എത്തിയതെന്ന് പറയപ്പെടുന്നു. ആയുധധാരികളായ അക്രമിസംഘം വീടിന്റെ മുന്നിലുണ്ടായിരുന്ന കാറും ബൈക്കും അടിച്ചു തകർക്കുകയും ചെയ്തു.
പുറത്തെ ബഹളം കേട്ടാണ് അനില്‍കുമാറും ഭാര്യയും മക്കളും ഉണര്‍ന്നത്. അനില്‍കുമാര്‍ പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും ആയുധധാരികളായ അക്രമികളെ ഭയന്ന് വീട്ടുകാര്‍ അദ്ദേഹത്തെ വാതില്‍ തുറക്കാന്‍ അനുവദിച്ചില്ല. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.