ന്യൂ ഡൽഹി: ഇന്റർ-സർവീസസ് ഓർഗനൈസേഷൻ (കമാൻഡ്, കൺട്രോൾ & ഡിസിപ്ലിൻ) ബിൽ – 2023 ലോക്‌സഭ പാസാക്കി. ഇന്റർ-സർവീസസ് ഓർഗനൈസേഷനുകളിൽ സേവനമനുഷ്ഠിക്കുന്നവരോ അറ്റാച്ച് ചെയ്യപ്പെട്ടവരോ ആയ ഉദ്യോഗസ്ഥർക്ക് ബാധകമാം വിധം ഭരണനിർവ്വഹണ, അച്ചടക്ക നടപടികൾ ഉൾപ്പെടെയുള്ള അധികാരങ്ങൾ നൽകി, ISO കമാൻഡർ-ഇൻ-ചീഫ്, ഓഫീസർ-ഇൻ കമാൻഡ് ചുമതലകളിലുള്ളവരെ ശാക്തീകരിക്കാൻ ബിൽ ലക്ഷ്യമിടുന്നു.
നിലവിൽ, പ്രത്യേക സേവന നിയമങ്ങളായ ആർമി ആക്റ്റ് 1950, നേവി ആക്റ്റ് 1957, എയർഫോഴ്സ് ആക്റ്റ് 1950 എന്നിവയിലെ വ്യവസ്ഥകളാലാണ് സായുധ സേനാംഗങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. ഫലപ്രദമായ അച്ചടക്കം നിലനിർത്തുന്നത് പോലുള്ള ഒട്ടേറെ നേട്ടങ്ങൾ നിയമനിർമ്മാണത്തിലൂടെ സാധ്യമാകും. ISO മേധാവിമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ അച്ചടക്ക നടപടികൾക്കായി അവരുടെ മാതൃ സേവന യൂണിറ്റുകളിലേക്ക് തിരിച്ചയക്കേണ്ടതില്ല. പെരുമാറ്റ ദൂഷ്യം അച്ചടക്കരാഹിത്യം സംബന്ധിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കുക, ഒന്നിലധികം നടപടിക്രമങ്ങൾ ഒഴിവാക്കി പൊതു പണവും സമയവും ലാഭിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
മൂന്ന് സേനാ വിവിഭാഗങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണത്തിനും സമന്വയത്തിനും ബിൽ വഴിയൊരുക്കും; ഭാവി ലക്ഷ്യമിട്ട് സംയുക്ത ഘടനകൾ സൃഷ്ടിക്കുന്നതിനും സായുധ സേനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ ശക്തമായ അടിത്തറയൊരുങ്ങും.
ഭാവി വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ സായുധ സേനകൾ തമ്മിലുള്ള സമന്വയം സാധ്യമാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് രാജ്യ രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.