സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞത്തിന്റെ ‘വായനാവസന്തം’ പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡിലും വായനശാലയെന്ന ലക്ഷ്യത്തിലേക്ക് ഉദയഗിരി പഞ്ചായത്ത്. ഇതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക സമാഹരണം നടന്നു. വായനാ വസന്തം പദ്ധതിയുടെ ഭാഗമായി 11 ലൈബ്രറികൾക്ക് 264 പുസ്തകങ്ങൾ വീതവും നൽകി.
പഞ്ചായത്ത് 2021-22, 22-23 വർഷങ്ങളിൽ ഗ്രന്ഥാലയങ്ങൾക്ക് ഓരോ ലക്ഷം രൂപയുടെ പുസ്തകങ്ങൾ, അലമാര, ഡെസ്‌ക്, കസേര എന്നിവയും നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ മൂന്ന് ട്രൈബൽ ലൈബ്രറികൾക്ക് 50,000 രൂപ വീതം ചെലവഴിച്ച് പുസ്തകങ്ങൾ ലഭ്യമാക്കി. അരിവിളഞ്ഞപൊയിൽ സാംസ്‌കാരിക നിലയത്തിന് പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമ്മിച്ചു.
ആകെ 15 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. അതിൽ 13 വാർഡുകളിലും നിലവിൽ ഗ്രന്ഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് വാർഡുകളിലാണ് പുതിയ ഗ്രന്ഥാലയങ്ങൾ ഒരുക്കുക. ഈ മാസം രണ്ടാം വാരത്തോടെ അത് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വാർഡുകളിലേക്കും വായന വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.