ജിദ്ദ: ഈ വർഷം ഹജ്ജിനു മുമ്പ് രക്തം കൈമാറ്റം ചെയ്യുന്നതിനായി ‘ഡ്രോണുകൾ’ ഉപയോഗിച്ച് നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായിരുന്നുവെന്ന് റിപ്പോർട്ട്.
തീർഥാടകർക്ക് നൽകുന്ന പ്രാഥമികാരോഗ്യ സേവനങ്ങളുടെ വേഗതയുടെയും സുരക്ഷയുടെയും ഗുണനിലവാരം ഉയർത്തുക ലക്ഷ്യമിട്ടാണിത്. സൗദി പോസ്റ്റ് കോർപറേഷനുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയമാണ് പുണ്യസ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് രക്തയൂനിറ്റുകൾ എത്തിക്കാനുള്ള പരീക്ഷണം സംഘടിപ്പിച്ചത്.
വരുന്ന സീസണുകളിൽ ഈ ഡ്രോൺ ബ്ലഡ് ബാങ്ക് സംവിധാനം പ്രവർത്തനക്ഷമമാവും. ഡ്രോണുകൾ പോലെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ പരിക്കേറ്റവർക്കും അത്യാഹിത, ഗുരുതര കേസുകളിലേക്കും വേഗത്തിലും സുരക്ഷിതമായും പ്രവേശനം ഉറപ്പാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.