വനിതകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഒരുക്കുന്ന സൗജന്യ തയ്യല്‍ പരിശീലനം; രണ്ടാം ബാച്ചിന് തുടക്കമായി

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സ്വയംതൊഴില്‍ പരിശീലന കോഴ്‌സിന്റെ രണ്ടാം ബാച്ചിന് തുടക്കമായി. 18നും 35നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഫെഡറല്‍ സ്‌കില്‍ അക്കാഡമിയുടെ നേതൃത്വത്തിലാണ് മൂന്ന് മാസത്തെ തയ്യല്‍ പരിശീലനം നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ കണ്ടത്തി സ്വയംതൊഴിലിന് യോഗ്യരാക്കി മാറ്റുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. എസ്ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കച്ചേരിപ്പടി വിമല വെല്‍ഫയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് കോര്‍പ്പറേറ്റ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിങ് വിഭാഗം ഡി വി പിയായ ഫെബിന കെ ബി നിര്‍വഹിച്ചു. ‘സ്ത്രീകള്‍ക്ക് ആധുനിക സമൂഹത്തില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെങ്കില്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. ചട്ടക്കൂടുകള്‍ക്ക് പുറത്ത് ജീവിതം മനോഹരമാക്കുന്ന നിരവധി സ്ത്രീകള്‍ നമുക്കുമുന്നില്‍ ഉദാഹരണങ്ങളായിട്ടുണ്ട്.

അത്തരത്തിലുള്ള, സുരക്ഷിതത്വ ബോധമുള്ള വനിതകളെ സൃഷ്ടിക്കുകയാണ് ഫെഡറല്‍ ബാങ്ക് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.’ ഫെബിന കെ വി പറഞ്ഞു. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും സിഎസ്ആര്‍ മേധാവിയുമായ അനില്‍ സി ജെ, സിഎസ്ആര്‍ വിഭാഗം അസ്സിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രവീണ്‍ കെ എല്‍ , വെല്‍ഫെയര്‍ സെന്റര്‍ പ്രധിനിധി സിസ്റ്റര്‍ ഐറിസ് എന്നിവര്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൗണ്ടേഷന്‍ മുഖേനയാണ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ നിര്‍വഹിക്കുന്നത്.

Leave A Reply