രാത്രിയില്‍ ഉറക്കം കിട്ടാത്തവര്‍ ഈ രീതി പരീക്ഷിച്ച് നോക്കുക

രാത്രിയില്‍ ഉറക്കം കുറയുന്നത് തീര്‍ച്ചയായും നമ്മുടെ ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ ഉറക്കക്കുറവ് നേരിടുന്നുവെങ്കില്‍ അതിന് പിന്നിലെ കാരണം കണ്ടെത്തി, സമയബന്ധിതമായി അത് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്.

പല കാരണങ്ങള്‍ കൊണ്ടും ഉറക്കം പ്രശ്നത്തിലാകാം. സ്ട്രെസ്, നമുക്ക് അറിയാത്ത നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍, പല അസുഖങ്ങള്‍േ, മരുന്നുകള്‍ എന്നിങ്ങനെ എന്തുമാകാം ഉറക്കത്തെ അലോസരപ്പെടുത്തുന്നത്. എന്തായാലും ഉറക്കപ്രശ്നം പതിവാണെങ്കില്‍ ആദ്യം ജീവിതരീതികള്‍ മെച്ചപ്പെടുത്തി നോക്കുകയാണ് വേണ്ടത്. ഡയറ്റ് (ഭക്ഷണം), വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ശ്രദ്ധിക്കണം.

എന്തായാലും ഇത്തരത്തില്‍ ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന ചില ഡയറ്റ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. കിടക്കാന്‍ പോകുന്നതിന് അല്‍പം മുമ്പ് ഈ പാനീയങ്ങളൊന്ന് കഴിച്ചുനോക്കുക. പതിവായി ഇത് ചെയ്യുമ്പോള്‍ ഉറക്കപ്രശ്നത്തിന് ആശ്വാസമുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാം. ശ്രദ്ധിക്കുക- സ്ട്രെസ് പോലെ ഉറക്കത്തെ പ്രശ്നത്തിലാക്കുന്ന ഘടകങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ ഇങ്ങനെയുള്ള ഡയറ്റ് ടിപ്സൊന്നും ഉപയോഗപ്പെടില്ല.

ഒന്ന്…

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഹല്‍ദി ദൂദിനെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇത് ഉറക്കം ശരിയാക്കാന്‍ സഹായിക്കുന്നൊരു പാനീയമാണ്. ഇളംചൂടുള്ള പാല്‍ കഴിക്കുമ്പോള്‍ ഇതില്‍ നിന്ന് ട്രിപ്റ്റോഫാന്‍ എന്നൊരു അമിനോ ആസിഡ് നമുക്ക് കിട്ടും. ഇത് ഉറക്കം ഉറപ്പാക്കുന്ന സെറട്ടോണിന്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നു. മഞ്ഞള്‍ ചേര്‍ക്കുന്നത് മറ്റ് പല ആരോഗ്യപ്രശ്നങ്ങളെയും കൂടി കരുതിയാണ്.

രണ്ട്…

പാലില്‍ ബദാം ചേര്‍ത്ത് കഴിക്കുന്നതും ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാണ്. പാലിന്റെ ഗുണത്തെ കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. ഇതിനൊപ്പം ചേര്‍ക്കുന്ന ബദാമിലും ട്രിപ്റ്റോഫാന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ബദാമിലുള്ള മഗ്നീഷ്യവും ഉറക്കത്തിലേക്ക് നമ്മെ നയിക്കാനുള്ള അനുകൂലസാഹചര്യമുണ്ടാക്കുന്നു.

മൂന്ന്…

അശ്വഗന്ധ (അമുക്കുരം) ചേര്‍ത്ത പാലോ, ചായയോ, വെള്ളമോ കുടിക്കുന്നതും ഉറക്കത്തിന് നല്ലതാണ്. അശ്വഗന്ധയിലടങ്ങിയിട്ടുള്ള ട്രൈ-മെഥിലിന്‍ ഗ്ലൈക്കോള്‍ ആണ് ഉറക്കപ്രശ്നം പരിഹരിക്കാന്‍ സഹായകമാകുന്നത്.

നാല്…

കുങ്കുമം ചേര്‍ത്ത വെള്ളമോ പാലോ കുടിക്കുന്നതും ഉറക്കപ്രശ്നം പരിഹരിക്കുന്നതിന് നല്ലതാണ്. കുങ്കുമത്തിന് പൊതുവെ തന്നെ മനസിനെ ‘റിലാക്സ്’ ചെയ്യിക്കാനുള്ള കഴിവുണ്ട്. ഇതാണ് ഉറക്കത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നത്.

അഞ്ച്…

ജാതിക്ക ചേര്‍ത്ത, ഇളം ചൂടുവെള്ളം കിടക്കുന്നതിന് അല്‍പം മുമ്പ് കുടിക്കുന്നതും ഉറക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കാം. ആയുര്‍വേദ വിധിപ്രകാരം ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നതാണ്. ഒരു നുള്ള് ജാതിക്ക ചേര്‍ത്താല്‍ മതിയാകും ഈ പാനീയം തയ്യാറാക്കാന്‍.

Leave A Reply