നടന്‍ മോഹന്‍ വഴിയോരത്ത് മരിച്ച നിലയില്‍: മരണം കടുത്ത ദാരിദ്ര്യത്തിൽ ഭിക്ഷാടനത്തിനിടെ

1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ് നടൻ മോഹൻ ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

60 കാരനായ നടൻ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അദ്ദേഹം ഒരു ജോലി ലഭിക്കാൻ പാടുപെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

താരത്തെ തിരിച്ചറിയാൻ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം അദ്ദേഹം കൂടുതലും ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത്.

1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഗോദരര്‍കള്‍’ എന്ന കമല്‍ഹാസൻ ചിത്രത്തില്‍ അപ്പുവിന്റെ (ഹാസൻ) ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്. അതിനു ശേഷം, ആര്യയെ നായകനാക്കി അത്ഭുത മണിതര്‍ങ്ങള്‍, ബാലയുടെ നാൻ കടവുള്‍ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

ഇതിനുശേഷം സിനിമയില്‍ നിന്നും മാറുകയും, ജന്മനാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുപ്പരങ്കുണ്ട്രത്തേക്ക് താമസം മാറ്റുകയും ചെയ്തു. പണമില്ലാത്തതിനാല്‍ തെരുവില്‍ ഭിക്ഷാടനം നടത്തുക പതിവായിരുന്നു.

പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടൻ മോഹനാണെന്ന് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ല. ആരോഗ്യനില മോശമായതിനാല്‍ മോഹൻ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മോഹനന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി കുടുംബത്തിന് വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന് അഞ്ച് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.

Leave A Reply