കാക്കനാട്∙ ചിറ്റേത്തുകരയിൽ സീപോർട്ട് എയർപോർട്ട് റോഡിന് സമീപം രാത്രി ലോഡ് കണക്കിന് മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. നോയൽ ഫോക്കസ് ഫ്ലാറ്റിനു സമീപത്തു കൂടിയുള്ള ഇട റോഡിലാണ് മാലിന്യം തള്ളിയത്. മെഡിക്കൽ മാലിന്യം ഉൾപ്പെടെ കൂട്ടത്തിലുണ്ട്. നഗരസഭാധ്യക്ഷ രാധാമണി പിള്ള സ്ഥലം സന്ദർശിച്ചു.
മാലിന്യ കൂമ്പാരത്തിൽ നിന്നു ലഭിച്ച ഉപയോഗശൂന്യമായ രേഖകളിൽ നിന്ന് മാലിന്യം കൊണ്ടുവന്നത് എവിടെ നിന്നാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം പൊലീസിൽ പരാതി നൽകി. പരിസരത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കും. യൂത്ത് ലീഗും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.