തിരുവനന്തപുരം: ലക്ഷങ്ങൾ പൊടിച്ച് ആർഭാടത്തോടെ നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനത്തിനായി സർക്കാർ ചെലവഴിച്ചത്. സർക്കാരിന്റെ നിത്യനിദാന ചെലവുകൾക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്ചെലവെന്നും സുധാകരൻ.
വിലക്കയറ്റം സമസ്ത മേഖലകളെയും ബാധിച്ചു. അത് നിയന്ത്രിക്കാൻ സർക്കാരിന്റെ ഒരു ഇടപെടലും നടത്തിയിട്ടില്ല. മൂന്നുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ്. സർക്കാരിന്റെ കെട്ടുകാര്യസ്ഥത കൊണ്ട് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പദ്ധതികളുടെ പ്രവർത്തനം പോലും അവതാളത്തിലായി. ഈ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്തു കഴിയുമ്പോൾ ഖജനാവ് കാലിയാകുന്ന അവസ്ഥയാണ്. നെല്ല് സംഭരിച്ച വകയിലും കോടികൾ കർഷകർക്ക് കൊടുക്കാനുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോ വിപണി ഇടപെടലിലൂടെ പിടിച്ചു നിർത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു.
ഓണക്കാലമായിട്ടും സപ്ലൈകോയിൽ അരി അടക്കമുള്ള അവശ്യസാധനങ്ങളില്ല. കഴിഞ്ഞ എട്ടുവർഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ 13 ഇനങ്ങളിൽ ഭൂരിഭാഗവും സപ്ലൈകോ സ്റ്റോറുകളിൽ കിട്ടാനില്ല. ജീവിക്കാൻ വഴിയില്ലാതെ ജനം മുണ്ടുമുറുക്കിയുടുത്ത് കഴിയുമ്പോഴാണ് സർക്കാരിൻെറ ധൂർത്തും ആർഭാടവും. കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്.സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ പശ്ചാത്തലത്തിലാണ് നവീകരിച്ച ഡല്‍ഹി ട്രാന്‍വന്‍കൂര്‍ പാലസിന്റെ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന ഉദ്ഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു.