തിരുവനന്തപുരം: നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസിനെതിരായ കേസ് സ്വഭാവിക നടപടി മാത്രമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വി അജിത്ത്. കേസെടുത്തത് സ്വാഭാവിക നടപടി മാത്രമായിരിക്കും. മുൻകൂർ അനുമതിയില്ലാത്ത ജാഥകൾക്കെതിരെ കേസെടുക്കുന്നത് പതിവാണെന്നും ക്രമസമാധാന വിഭാഗം ഡിസിപി വി അജിത്ത് വ്യക്തമാക്കി. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഘടനയായാലും കേസെടുക്കും. അനുമതിയുള്ള ജാഥയിലും ഗതാഗത തടസ്സം സൃഷ്ടിച്ചാൽ കേസെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, മിത്ത് പരാമർശത്തിൽ നിയമസഭാ സ്പീക്കർ എഎന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പോലീസ് കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.
എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പോലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പോലീസാണ് കേസെടുത്തത്. പോലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്.