റംബുട്ടാൻ തോട്ടങ്ങളിൽ വന്യജീവി ശല്യം പെരുകുന്നു

അതിരപ്പിള്ളി ∙ റംബുട്ടാൻ തോട്ടങ്ങളിൽ വന്യജീവി ശല്യം പെരുകുന്നു. കുരങ്ങ്, മലയണ്ണാൻ, വേഴാമ്പൽ, വവ്വാൽ തുടങ്ങിയവയാണ് കർഷകർക്കു ഭീഷണിയാകുന്നത്. ആന, പന്നി, മാൻ തുടങ്ങിയവയെ ഭയന്നാണ് കർഷകർ ഫല വൃക്ഷങ്ങളിലേക്കു തിരിഞ്ഞതെന്നു പറയുന്നു. എന്നാൽ സീസണിൽ 300 മുതൽ 160 രൂപ വരെ കിട്ടിയിരുന്ന റംബുട്ടാൻ ഇപ്പോൾ വന്യജീവികൾ വിളവെടുക്കുന്നതാണ് കർഷകരുടെ സങ്കടം. കൃഷിയിടങ്ങൾക്കു ചുറ്റും വൈദ്യുത വേലിയുടെ സംരക്ഷണം ഒരുക്കിയാൽ ഒരു പരിധിവരെ വലിയ മൃഗങ്ങളുടെ ഭീഷണിക്കു പരിഹാരം കാണാൻ കഴിയും. എന്നാൽ സമീപകാലത്ത് മേഖലയിൽ എത്തിപ്പെട്ട കുരങ്ങും മലയണ്ണാനും പ്രതിരോധ സംവിധാനങ്ങൾക്കു മുകളിലൂടെയാണ് സഞ്ചരിക്കുന്നത്.

കായ്കൾ പഴമാകുന്നതിനു മുമ്പ് മരങ്ങൾക്കു മുകളിലൂടെ വിരിക്കുന്ന വലകൾ കുരങ്ങും അണ്ണാനും കടിച്ചുകീറുന്നതായും പറയുന്നു. വല വാങ്ങുന്നതിന്റെ പകുതി വില കർഷകർക്ക് സബ്സിഡി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചതായി കൃഷി ഓഫിസർ അറിയിച്ചു. കൃഷി വകുപ്പ് ജീവനക്കാർ കൃഷിയിടങ്ങൾ സന്ദർശിക്കാതെയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുന്നതെന്ന് കർഷകർക്കിടയിൽ ആക്ഷേപമുണ്ട്.

Leave A Reply