കോട്ടയ്ക്കൽ മണ്ഡലം ഇനി ‘ഫിറ്റാകും’; ആറ് കേന്ദ്രങ്ങളിൽ ഓപ്പൺ ജിംനേഷ്യം യാഥാർത്ഥ്യമായി

മലപ്പുറം :വ്യായാമം ചെയ്യാൻ ഒരുക്കമാണെങ്കിൽ സൗജന്യമായി ജിംനേഷ്യവും തയ്യാർ. കോട്ടയ്ക്കൽ മണ്ഡലത്തിൽ ഈ വര്‍ഷം ആറ് ഓപ്പൺ ജിംനേഷ്യങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. കോട്ടയ്ക്കൽ നഗരസഭയിലെ ഉദ്യാനപാതയിലെ നിർമാണം രണ്ട് മാസത്തിനകം പൂർത്തീകരിക്കുന്നതോടെ ഓപ്പൺ ജിംനേഷ്യങ്ങളുടെ എണ്ണം ഏഴാകും.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 90.42 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കോട്ടയ്ക്കൽ, വളാഞ്ചേരി നഗരസഭകളിലും മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലുമാണ് ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നത്.

സാധാരണക്കാർക്ക് വ്യായാമം ചെയ്യാൻ ആധുനിക സൗകര്യങ്ങളോടെയുള്ള സംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രഭാത-സായാഹ്ന സവാരികൾക്കായി ആളുകൾ എത്തുന്നതും പൊതുകുളങ്ങൾക്ക് സമീപവുമാണ് ഓപ്പൺ ജിംനേഷ്യങ്ങൾ ഒരുക്കിയിട്ടുള്ളത് എന്നതിനാൽ വ്യായാമത്തിനായി  കൂടുതൽ പേർക്ക് പദ്ധതി ഉപകാരപ്രദമാകും. ഒരേ സമയം പത്തിലധികം പേർക്ക് വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യമാണ് ജിംനേഷ്യത്തിലുള്ളത്. എയർവാക്കർ, സർഫ് ബോർഡ്, സൈക്കിൾ, ക്രോസ് ട്രെയിനർ, സ്‌കൈ വാക്കർ, തായിച്ചി സ്പിന്നർ, സ്റ്റാന്റിംഗ് സീറ്റഡ് ട്വിസ്റ്റർ, ചെസ്റ്റ് കം ഷോൾഡർ പ്രസ്സ് തുടങ്ങിയ വിവിധയിനം വ്യായാമ ഉപകരണങ്ങളാണ് ഓരോ കേന്ദ്രത്തിലും സ്ഥാപിച്ചിട്ടുള്ളത്.

വളാഞ്ചേരി നഗരസഭയിലെ കരിങ്കല്ലത്താണി വേളികുളത്തിന് സമീപം, കുറ്റിപ്പുറം നിളയോരം പാർക്ക്, ഇരിമ്പിളിയത്ത് വലിയകുന്ന് പഞ്ഞനാട്ട്കുളം പരിസരം, എടയൂർ മണ്ണത്ത് പറമ്പ് ഒടുങ്ങാട്ടുകുളം പരിസരം, പൊന്മള ചാപ്പനങ്ങാടി സ്‌കൂളിന് സമീപം, മാറാക്കര എസി നിരപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണം എന്നിവിടങ്ങളിലാണ് ജിംനേഷ്യങ്ങൾ തുറന്ന് നല്‍കിയിട്ടുള്ളത്.

Leave A Reply