‘സ്പീക്കർ ഖേദം പ്രകടിപ്പിക്കണം’; മിത്ത് പരാമർശം വിശ്വാസികളെ വേദനിപ്പിച്ചെന്ന് ശിവഗിരി മഠം

വർക്കല: മിത്ത് പരാമർശം വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കി ശിവഗിരി മഠം. സ്പീക്കർ എഎൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്നും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും കേരളീയ സമൂഹം കലുഷിതമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പീക്കർ എഎൻ ഷംസീർ മനപ്പൂർവം നടത്തിയ പരാമർശമായാരിക്കും അതെന്ന് കരുതുന്നില്ല. പ്രസംഗത്തിനിടയിൽ വന്നുപോയതാകാം. വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ചത് കൊണ്ടാണ് പ്രതിഷേധം നടന്നത്. അതിൽ തെറ്റ് പറയാനാകില്ല. പാർട്ടി നിലപാടിൽ അഭിപ്രായം പറയുന്നില്ല. ശാസ്ത്രാവബോധം വളർത്തണം എന്ന് സ്പീക്കർക്ക് പറയാം. എന്നാൽ ഇത്തരം വിഷയങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും സച്ചിദാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.

ഗണപതി എല്ലാ ജനസമൂഹങ്ങൾക്കും ആദരണീയനാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭക്തജനങ്ങൾക്ക് ഉണ്ടായ വേദന ആളിക്കത്താതിരിക്കാൻ പാർട്ടിയും സർക്കാരും ശ്രമിക്കണം. കേരളീയ ജീവിതം കലുഷിതമാക്കരുത്. അങ്ങനെയുള്ള നിലപാട് വേണം എല്ലാവരും സ്വീകരിക്കേണ്ടത്. വിഷയത്തിൽ ശബരിമല മോഡൽ പ്രതിഷേധം ഉണ്ടാകുമോ എന്ന് തങ്ങൾക്ക് പറയാനാകില്ല. എൻഎസ്എസ് അവരുടെ നിലയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിവഗിരി മഠത്തിന് മഠത്തിന്റെ കാഴ്ചപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥതയ്ക്ക് തയാറാണ്. ആരെങ്കിലും ആവശ്യപ്പെട്ടാൽ ശിവഗിരി മഠം പ്രശ്നം പരിഹരിക്കാൻ ഇടപെടും. ഏത് ശാസ്ത്രവും പൂർണമായും ശരിയല്ല. ശാസ്ത്രമാണ് ആത്യന്തികമായ ശരിയെന്ന് ഗുരുദർശനം പറയുന്നില്ല. ശാസ്ത്ര ബോധ്യങ്ങൾ ശാശ്വതമല്ല. അത് കുറ്റമറ്റതുമല്ല. പ്രശ്നം രൂക്ഷമാകില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply