സി.ബി.സി സ്‌കീമിൽ ലോൺ എടുത്ത് കുടിശ്ശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കടാശ്വാസം നൽകുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ജില്ലാ ഖാദി ഗ്രാമ വ്യവസായം ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഖാദി സൗഭാഗ്യയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.സി സ്‌കീം വഴി ലോൺ എടുത്ത് കുടിശ്ശിക വരുത്തിയവർക്ക് പദ്ധതിയിലൂടെ ആശ്വാസം ലഭിക്കും. ഇതിന് വേണ്ടി സംസ്ഥാന തലത്തിൽ അദാലത്ത് വിളിച്ച് ചേർത്ത് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഓണത്തിന് 60 കോടി രൂപയുടെ വിൽപനയാണ് ഖാദി ബോർഡിന് മാത്രമായി നടത്താൻ കഴിഞ്ഞത്. ഇത്തവണ 150 കോടിയുടെ വിൽപനയാണ് ലക്ഷ്യമിടുന്നത്. ഓരോ പ്രായക്കാരുടെയും അഭിരുചിക്ക് അനുസരിച്ച് വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ ബോർഡ് പുറത്തിറക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ ഇന്ന് ഖാദി മേഖലയിലും ലഭിക്കും. ഓണത്തിന് ഒരു ഖാദി കോടി എന്ന സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
30 ശതമാനം ഗവ.റിബേറ്റുകളോടു കൂടി സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, പാന്റ് പീസ്, ചൂരിദാർ ടോപ്പ്, മുണ്ടുകൾ, മെത്തകൾ എന്നീ ഉൽപ്പന്നങ്ങളാണ് മേളയിൽ വിൽപ്പനയ്ക്കായുണ്ടാകുക. ഓണം മേളയിൽ ആകർഷകമായ രീതിയിൽ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ സമ്മാനങ്ങളും ഖാദി ബോർഡ് ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനം ഇലക്ട്രിക് കാർ ,രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടർ, മൂന്നാം സമ്മാനം എല്ലാ ജില്ലകൾക്കും ഒരു പവൻ വീതവും കൂടാതെ ഓരോ ആഴ്ചയിലും 5000 രൂപയുടെ നറുക്കെടുപ്പിലൂടെ ഗിഫ്റ്റ് വൗച്ചറുകളും നൽകും.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അതിന്റെ പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നവീകരണത്തിലൂടെ ഖാദി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ ബോർഡിന്റെ ഷോറൂമുകളിൽ ലഭ്യമാക്കിയിരിക്കുകയാണ്. വ്യാജ ഖാദി ഇറങ്ങുന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. അംഗീകൃത ഖാദി ഷോറൂമിൽ നിന്നും ഖാദി വസ്ത്രങ്ങൾ വാങ്ങണം. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ പ്രകൃതിദത്തമായ കളറുകൾ ഉപയോഗിച്ച് വൈവിധ്യമാർന്ന വസ്ത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇത്തരത്തിൽ നിർമ്മിക്കുന്ന ഖാദി വസ്ത്രങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാനും അവസരമൊരുക്കും. ഓൺലൈൻ മേഖലയെ ശക്തിപ്പെടുത്തും.
ദേശീയ വികാരം ഉള്ളവർ ഖാദി വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഖാദി സ്‌പൈസസ് എന്ന പേരിൽ സുഗന്ധദ്രവ്യങ്ങളുടെ വിപണനവും ലക്ഷ്യമെടുന്നു. കോട്ടയത്ത് തേനീച്ച കൃഷിക്കായി പ്രത്യേക ക്ലസ്റ്റർ രൂപീകരിച്ചിട്ടുണ്ട് ജില്ലയ്ക്കും തേനിച്ച കൃഷിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണിയും ബോർഡ് ലക്ഷ്യം വെക്കുന്നു. ഗൾഫിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഖാദി വസ്ത്രങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു.