വയനാട് ജില്ലയിൽ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം ആഗസ്റ്റ് 27 ന് തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ജില്ലയില്‍ പരിപാടികള്‍ നടത്തുന്നത്.

ആഗസ്റ്റ് 27, 28 തീയതികളില്‍ മാനന്തവാടിയിലും 30, 31 തീയതികളില്‍ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലുമാണ് പരിപാടികള്‍ നടത്തുക. ഇതിനായി പ്രാദേശികതലത്തില്‍ സംഘാടക സമിതി രൂപീകരിക്കും. എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍മാന്‍മാര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെര്‍പേഴ്സണായും ഡി.ടി.പി.സി. സെക്രട്ടറി കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വന്‍ ജനപങ്കാളിത്തത്തോടുകൂടി പരിപാടികള്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദ്ദേശം നല്‍കി.

വിവിധ കലാപരിപാടികള്‍, ഓണസദ്യ, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധമാണ് ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 

ഓണം വാരാഘോഷത്തിൽ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിപാടി അവതരിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ടി.പി.സി ഓഫീസില്‍ ആഗസ്റ്റ് 7 നകം നല്‍കണം.

Leave A Reply