നഗരത്തിൽ 5156 ചെറുകിട സോളർ പ്ലാന്റുകൾ

കൊച്ചി ∙ വൈദ്യുതി തിന്നു മുടിക്കുന്ന കൊച്ചി വൈദ്യുതി ഉൽപ്പാദിപ്പിച്ചു പേരുണ്ടാക്കുന്നു. കെഎസ്ഇബി മേൽനോട്ടത്തിൽ നഗരത്തിൽ 5156 ചെറുകിട സോളർ പ്ലാന്റുകളുണ്ടെന്നു കേൾക്കുമ്പോൾ ഇൗ നാട്ടുകാർ പോലും ഞെട്ടിപ്പോകും. ഇവയിൽ നിന്നെല്ലാം കൂടി ഒരു ദിവസം ശരാശരി ഉൽപാദനം 1,27,496 യൂണിറ്റ്. വൈദ്യുതി ക്ഷാമത്തിന്റെ പേരിൽ, വീടിനു മുകളിൽ സോളർ വച്ച് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന നിശ്ചയത്തിൽ സംഭവിച്ചതൊന്നുമല്ല ഇത്. ബോർഡിന്റെ ഒട്ടേറെ സബ്സിഡി സ്കീമുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് നഗരവാസികളാണ്. പല സ്കീമുകളും ഇപ്പോഴും ഉണ്ടെങ്കിലും കൂടുതൽ സോളർ ഉൽപാദനം ഉള്ള സ്ഥലങ്ങളിൽ അനുമതി നൽകുന്നില്ല.

ട്രാൻസ്ഫോമറിലേക്കു പകൽ സമയം കൂടുതൽ വൈദ്യുതി എത്താതിരിക്കാനാണിത്. സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നവർക്കു വൈദ്യുതി ചാർജ് കൊടുക്കേണ്ടിവരാറില്ലെന്നു മാത്രമല്ല, അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും കിട്ടും. ഒരു കിലോ വാട്ട് പ്ലാന്റിൽ നിന്ന് 3 മുതൽ 4 യൂണിറ്റ് വരെ വൈദ്യുതി നേടാം. 12 യൂണിറ്റ് ഉൽപാദനമുള്ള പ്ലാന്റ് സ്ഥാപിച്ചയാൾക്ക്, വീട്ടിൽ ഉപഭോഗം 241 ആണെങ്കിൽ വൈദ്യുതി ചാർജ് നൽകേണ്ടെന്നു മാത്രമല്ല, ഉൽപാദിപ്പിച്ച വൈദ്യുതിയുടെ വിലയായി 2500 രൂപയോളം ലഭിക്കും.

വൈറ്റില, വെണ്ണല, വടുതല, തോപ്പുംപടി, തേവര, പള്ളുരുത്തി, പാലാരിവട്ടം, മട്ടാഞ്ചേരി, കലൂർ, ഗിരിനഗർ, ഫോർട്ട്കൊച്ചി, ഇടപ്പള്ളി, സെൻട്രൽ, കോളജ് സെക്‌ഷനുകളുടെ കീഴിൽ വരുന്ന പ്രദേശത്തെ വൈദ്യുതി വിപ്ലവമാണിത്. ഇടപ്പള്ളി, ഗിരിനഗർ, പാലാരിവട്ടം, തോപ്പുംപടി, വൈറ്റില സെക്‌ഷനു കീഴിലാണ് ഏറ്റവും അധികം പ്ലാന്റുകൾ. പ്ലാന്റുകളുടെ എണ്ണത്തിന് ആനുപാതികമായി ഉൽപാദനം ഉണ്ടാവണമെന്നില്ല. 508 പ്ലാന്റുകൾ ഉള്ള കലൂരിലാണു കൂടുതൽ ഉൽപാദനം, 4714 യൂണിറ്റ്. ഇടപ്പള്ളിയിൽ 649 പ്ലാന്റുകൾ ഉണ്ടെങ്കിലും ഉൽപാദനം 3485 യൂണിറ്റ് മാത്രം. ഓരോ പ്ലാന്റിലും ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ്, പാനലുകളുടെ പരിചരണം എന്നിവയെല്ലാം ഉൽപാദനത്തെ ബാധിക്കും.

Leave A Reply