‘എൻസിസി പരിശീലനത്തിനിടെ കൊടും ക്രൂരത’; ജൂനിയർ കേഡറ്റുമാരെ തല്ലി ചതച്ച് സീനിയര്‍, സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

താനെ: മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി എന്‍സിസി ജൂനിയര്‍ കേഡറ്റുകളെ പൊതിരെ തല്ലി സീയര്‍ കേഡറ്റുമാര്‍. പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മഹാരാഷ്ട്രയിലെ താനെയിലെ ജോഷി ബേഡേക്കര്‍ കോളേജ് ക്യാംപസില്‍ നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. ചെളി വെള്ളത്തില്‍ മുട്ടു കുത്തിയിരിക്കുന്ന ജൂനിയര്‍ കേഡറ്റുകളെ വലിയ വടികൊണ്ടാണ് സീനിയര്‍ കേഡറ്റ് മര്‍ദിക്കുന്നത്. മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മനുഷ്യത്വ രഹിതാമായ പീഡനമാണെന്നും അടിക്കുന്നത് മനപൂര്‍വ്വം കരുതിക്കൂട്ടിയാണെന്നുമുള്ള വിഡിയോ ചിത്രീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുന്നതും കേള്‍ക്കാന്‍ സാധിക്കുന്നതാണ് പുറത്ത് വന്നത്.

എന്‍സിസി പരിശീലന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സേനയിലേതിന് സമാനമായ പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തിനിടയ്ക്ക് പറ്റിയ തെറ്റിനുള്ള ശിക്ഷയെന്ന രീതിയിലാണ് വിഡിയോയിലെ ക്രൂര മര്‍ദനം. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് അധ്യാപകരല്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് ഇതിനോടകം ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജൂനിയര്‍ കേഡറ്റുകളെ മര്‍ദിച്ചത്.

Leave A Reply