ഹോസ്റ്റലുകളില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ചു കടന്നു; യുവാവ് അറസ്റ്റിൽ

എറണാകുളം: തൃക്കാക്കരയിലെ വിമലാ ഹോസ്റ്റലിലും ജ്യോതിസ് ഭവൻ ഹോസ്റ്റലിലും അതിക്രമിച്ച് കടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ യുവാവ് ഹോസ്റ്റലുകളിൽ കടന്ന് നാശനഷ്ടം വരുത്തിയത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അർജുനാണ് പോലീസിന്റെ പിടിയിലായത്.

രാത്രി ഒരു മണിയോടെ ആദ്യം വിമലാ ഹോസ്റ്റലിലാണ് യുവാവ് കയറിയത്. ഹോസ്റ്റലിന് മുകളിൽ കയറി ഷീറ്റ് പൊളിച്ച് അകത്തുകടക്കാൻ ശ്രമം നടത്തി. ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതി ജനൽ ചില്ലുകൾ തകർക്കുകയും സിസിടിവി അടിച്ചു പൊട്ടിക്കുകയും ചെയ്തു. ശബ്ദം കേട്ട് അന്തേവാസികൾ ഉണർന്നതോടെ പ്രതി തൊട്ടടുത്തുള്ള ജ്യോതിസ് ഭവൻ ഹോസ്റ്റലിലേക്ക് കയറി. ഹോസ്റ്റലിന് മുൻ വശത്തെ സിസിടിവി പ്രതി അടിച്ചു തകർത്തു.

ഇരു ഹോസ്റ്റലുകളിലേയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് യുവാവിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഹോസ്റ്റലിന് സമീപത്തെ വാടക വീട്ടിൽ നിന്നുമാണ് അർജുനെ അറസ്റ്റ് ചെയ്തത്. പ്രതി കാക്കനാട് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയാണെന്നാണ് പോലീസിന് നൽകിയ മൊഴി. മോഷണത്തിനായാണ് ഹോസ്റ്റലിൽ കയറിയതെന്ന് പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ അർജുനൻ റിമാൻഡ് ചെയ്തു.

Leave A Reply