കൊച്ചിയുടെ സമസ്ത പ്രശ്നങ്ങൾക്കും പരിഹാരമായി പുതിയ മാസ്റ്റർ പ്ളാൻ വരുന്നു

കൊച്ചി: കൊച്ചിയുടെ സമസ്ത പ്രശ്നങ്ങൾക്കും പരിഹാരമായി പുതിയ മാസ്റ്റർ പ്ളാൻ വരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാവും 2040 വരെയുള്ള നഗരത്തിന്റെ സർവപ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുക. മാസ്റ്റർപ്ളാൻ യാഥാർത്ഥ്യമാകുന്നതോടെ കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ ലഭിക്കാനുള്ള തടസങ്ങൾ നീങ്ങും. വികസനത്തിന് ദിശാബോധം നൽകാൻ കഴിയുമെന്നതാണ് മേന്മ.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ലാണ് മാസ്റ്റർപ്ളാൻ ചർച്ച തുടങ്ങിയത്. അമൃത്, നഗരവികസന ഫണ്ടുകൾ ലഭിക്കണമെങ്കിൽ മാസ്റ്റർ പ്ലാൻ നിർബന്ധമാണെന്ന് കേന്ദ്രം കർശനനിർദ്ദേശം നൽകിയതോടെ പ്രവർത്തനങ്ങൾക്ക് വേഗത കൂടി .കഴിഞ്ഞ ഒക്‌ടോബർ 28 ന് കരടുരേഖയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. തുടർന്ന് ജനപ്രതിനിധികളെയും വിവിധ സംഘടന പ്രതിനിധികളെയും ഉൾപ്പെടുത്തി സോണൽ തലത്തിൽ യോഗങ്ങൾ നടത്തി.

മാസ്റ്റർപ്ളാൻ സംബന്ധമായ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിന് കഴിഞ്ഞ 25 വരെ സമയം അനുവദിച്ചിരുന്നു. 145 ഓളം പരാതികൾ ലഭിച്ചു. 18 ന് മേയർ പരാതിക്കാരുടെ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും നേരിൽ കേൾക്കും. ഇതനുസരിച്ചുള്ള ഭേദഗതികൾ കൂടി ഉൾപ്പെടുത്തി നഗരാസൂത്രണ സമിതിക്ക് കൈമാറും. പിന്നീട് സ്പെഷ്യൽ കൗൺസിൽ വിളിച്ചുചേർത്ത് മാസ്റ്റർപ്ളാനിന് അംഗീകാരം നൽകും.

തടസങ്ങൾ നീങ്ങും

ഗോശ്രീ – മാമംഗലം റോഡിന്റെ സ്ഥലം ഏറ്റെടുക്കലിന്റെ പേരിൽ പൊറ്റക്കുഴി മുതൽ മാമംഗലം വരെയുള്ള സ്ഥലം ഉടമകൾ വീട് അറ്റകുറ്റപ്പണി നടത്താനോ ഭൂമി വിൽക്കാനോ കഴിയാതെ വർഷങ്ങളായി നട്ടം തിരിയുകയാണ്. നിലവിൽ അഞ്ചു മുതൽ ഏഴു മീറ്റർ വരെയാണ് റോഡിന്റെ വീതി. ഡി.ടി.പി സ്കീം പ്രകാരം ഇത് 22 മീറ്ററിലേക്ക് വികസിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. . എന്നാൽ മാസ്റ്റർപ്ളാനിൽ ഇത് 15 മീറ്ററാണ്. പ്ളാനിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ കേന്ദ്രഫണ്ടോ കിഫ്ബി സഹായമോ ഉപയോഗിച്ചോ റോഡ് യാഥാർത്ഥ്യമാക്കാം.

Leave A Reply