ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് മാതാപിതാക്കൾക്ക് മൂന്ന് മന്ത്രിമാർ ചേർന്ന് കൈമാറി. മന്ത്രിമാരായ പി. രാജീവ്, കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ് എന്നിവർ ഇന്നലെ വൈകിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്.
ജില്ലാ കളക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് നൽകും. ദാരുണമായ ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാൻ കർമ്മ പദ്ധതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെയും വിവിധ വകുപ്പുകളെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ സ്‌കൂൾ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികൾ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നത് ഒഴിവാക്കാൻ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഡേ കെയർ സജ്ജമാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, റൂറൽ എസ്.പി വിവേക് കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.